Health
പല്ലിന്റെ കമ്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടലും ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സയും. പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം.
കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്.
പല്ലിന് കമ്പി ഇടേണ്ടി വരുന്നത്
1. പല്ലു പൊങ്ങുന്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുന്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുന്പോൾ
4. പല്ലുകൾ മോണയിൽ നിന്നു പുറത്തേക്ക് വരാതെ നിൽക്കുന്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുന്പോൾ
പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്‍പുള്ള ചെറിയ അണപ്പല്ലുകൾ എടുത്തുകളഞ്ഞ് താക്കുന്നതി നുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
എക്സറേ പരിശോധന, മോഡൽ പഠനം, ക്ലിനിക്കൽ പരിശോധന - ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും. പല്ലിന്റെ കന്പിയിടുന്നതിനും മുന്‍പ് വായ്ക്കുള്ളിൽ പൂർണ്ണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗസാധ്യത ഇല്ലാതെയാക്കണം.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുമ്പോൾ മുതലുള്ള പരിശോധനയും ചികിത്സകളും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുമ്പായി തീർക്കണം എന്നു ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക.
വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടിവരുന്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനം എടുക്കണം.
പല്ലിൽ കമ്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കണം. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.
കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്... ഇവ പൂർണമായും ഒഴിവാക്കണം.
* ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം (ഓർത്തോഡോണ്ടിക് ബ്രഷ്). ഡോക്ടറുടെ നിർദ്ദേപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
* ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
* കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല. പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക.
ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Health
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്.
മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ
* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക.
* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.
* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക
നായകടി ഒഴിവാക്കാൻ
നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.
* ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്. നായ ദേഷ്യപ്പെട്ടിരിക്കു ന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്.
ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.
* നായ അടുത്തുവരികയാ ണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
* പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്റെയോ രക്ഷാകർത്താ വിന്റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക.
തൊടുന്നതിനു മുമ്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്.
പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു.
ദന്തക്ഷയം സംഭവിക്കുന്നത്
താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്.
കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്.
80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നത്
80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്.
മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.
എക്സ്റേ എന്തിന്?
നേരിട്ടുകാണാൻ സാധ്യതയില്ലാത്ത ഭാഗങ്ങളിലും പല്ലുകളുടെ ഉള്ളിലെ നാശം നിർണയിക്കുന്നതിനും എക്സ്റേ പരിശോധന അത്യാവശ്യമാണ്.
ചികിത്സാഘട്ടത്തിൽ പോടിന്റെ വലിപ്പം നിർണയിക്കുന്നതിന് ഡിസ്ക്ലോസിംഗ് സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്.
ലേസർ ഉപയോഗിച്ചാൽ...
അതിനൂതന മാർഗങ്ങളിൽ ഒന്നായ ലേസർ പരിശോധന, എക്സറേയുടെ ദൂഷ്യഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നു.
കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുവഴിയും പരിശോധന നടത്തുന്നതുവഴിയും ദന്തക്ഷയം കൂടുതൽ പടരുന്നതിനുമുന്പുതന്നെ തടയാൻ കഴിയും.
കുട്ടികളിൽ...
പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ കുട്ടികളിൽ ദന്തക്ഷയം തടയുന്നതിനുവേണ്ടിയുള്ള ഒരു പ്രതിരോധ ചികിത്സയാണ്. പല്ലിന്റെ പ്രകൃത്യാ ഉള്ള വിള്ളലുകളെ ഡ്രിൽ ചെയ്യാതെ ഒരു നേരിയ ഫില്ലിംഗ് കൊടുത്ത് അടയ്ക്കുന്ന രീതിയാണിത്.
പാൽപ്പല്ലിലും സ്ഥിര ദന്തങ്ങളിലും ഈ ചികിത്സ ചെയ്യുന്നുണ്ട്. വളരെ ലളിതമായ ചികിത്സാരീതിയാണിത്. കുട്ടികളിൽ ദന്തക്ഷയം തടയുന്ന വളരെ ഫലപ്രദമായ മാർഗമാണിത്.
ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് എപ്പോൾ?
ആരംഭഘട്ടത്തിൽ ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് വളരെയധികം ഗുണംചെയ്യും. പല്ലിൽനിന്നു നഷ്ടപ്പെട്ടു തുടങ്ങുന്ന ധാതുക്കൾ കൃത്രിമ മാർഗങ്ങളിലൂടെ തിരിച്ചു നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഫ്ളൂറൈഡ് ചികിത്സ.
തത്ഫലമായി പല്ലിന്റെ ഘടന പുനക്രമീകരിക്കാനാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.
Health
പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം.
പോടുണ്ടാകുന്നത്...
ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം.
സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും.
പുള്ളി വീണു തുടങ്ങുമ്പോൾ..
ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം (വെളുത്ത ചോക്കിന്റെ നിറം). ഇതു പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു.
ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.
ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. വെളുത്ത ചോക്കിന്റെ നിറത്തിൽ കാണപ്പെടുന്ന ഇത് പ്രാഥമിക ദന്തക്ഷയം (ഇൻസിപ്പിയന്റ് കേരീസ്) എന്ന് അറിയപ്പെടുന്നു.
ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ പരുപരുത്ത പ്രതലങ്ങൾ തവിട്ടുനിറമാവുകയും ദ്വാരങ്ങളായി രൂപാന്തരപ്പെടുകയുംചെയ്യുന്നു.
ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുന്നേ നാം വേണ്ടപോലെ ശുചീകരണമാർഗങ്ങൾ ഉപയോഗിച്ചാൽ ഈ നശീകരണപ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ദ്വാരങ്ങൾ രൂപപ്പെട്ടശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജനിപ്പിക്കാനാവില്ല.
പുളിപ്പും വേദനയും
പ്രതിപ്രവർത്തനം സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടുനിറത്തിലും സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടുനിറത്തിലും കാണപ്പെടുന്നു. ദന്തക്ഷയം പല്ലിലെ ഇനാമലും ഡെന്റീനും നശിപ്പിച്ചുകഴിയുന്പോഴാണ് പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത്.
ദന്തക്ഷയമുള്ള പ്രതലങ്ങൾ നിറവ്യത്യാസത്തിലും മൃദുവായും കാണപ്പെടുന്നു. ദന്തക്ഷയം ഇനാമലും കടന്ന് ഡെന്റീനിലെത്തുമ്പോൾ അതിലുള്ള സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നമുക്കു പുളിപ്പും വേദനയും അനുഭവപ്പെടുന്നു.
ചൂടും തണുപ്പമുള്ള ഭക്ഷണ പദാർഥങ്ങൾ, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദനയുടെ ആക്കം കൂട്ടാം. ദന്തക്ഷയം വായ്നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു. തീവ്രമാകുമ്പോൾ പഴുപ്പിനും കാരണമാകുന്നു.
ശ്രദ്ധിക്കാതെയിരുന്നാൽ അതു സമീപ ശരീരഭാഗങ്ങളിലേക്കു പടരുകയും ജീവനുതന്നെ ഭീഷണിയാകുന്ന ലുഡ്വിഗ്സ് ആഞ്ജെന(Ludwig's angina) പോലുള്ള സങ്കീർണ അവസ്ഥകളായും രൂപാന്തരപ്പെടാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല
9447219903
Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.
അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.
വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.
പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം.
അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.
അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്.
പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
ഇവയ്ക്കുശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.
രക്തപരിശോധന
രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവുമായ ആഹാരക്രമമാണ്
ഡോക്ടർമാർ പ്രമേഹം
ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.
ഉപ്പ് കുറഞ്ഞ അളവിൽ
വ്യായാമം എന്തിന്?
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം.
പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം.
കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്.
ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം.
ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്.
ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം.
പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
ചായ തയാറാക്കുമ്പോൾ
ചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.
സൂപ്പ് കഴിക്കാം
മാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.
ഇറച്ചി വാങ്ങുമ്പോൾ...
ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
എല്ലുകളുടെ ആരോഗ്യത്തിന്
തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്.
തൈരിലെ ബാക്ടീരിയ
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
വറുത്തതും പൊരിച്ചതും കുറയ്ക്കണം
വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം.
ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് ഒഴിവാക്കി നിര്‍ത്തണം.
വ്യായാമം പ്രധാനം
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
.മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis).
മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII - Facial nerve) കാരണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും.
ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും.
സങ്കീര്‍ണതകള്‍
· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.
· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.
· കണ്ണുകള്‍ ചിമ്മുക
· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.
ചികിത്സാരീതികള്‍
· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍ സ്വീകരിക്കുക, ഫിസിയോതെറാപ്പി, കണ്ണിന്റെ സംരക്ഷണം എന്നിവയാണ് പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍.
· വളരെ അപൂര്‍വമായി മാത്രം ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാം.
കണ്ണിന്റെ സംരക്ഷണം
· കണ്ണിലെ വരള്‍ച്ച ഒഴിവാക്കുന്നതിനായി ദിവസവും lubricating eye drops ഉപയോഗിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്മെന്റും ഉപയോഗിക്കേണ്ടതായി വരാം.
· പുറത്തുപോകുമ്പോള്‍ പൊടി, സൂര്യപ്രകാശം എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നതിനായി കണ്ണട / ഗോഗിൾ സ് ഉപയോഗിക്കുക.
· രാത്രി ഉറങ്ങുമ്പോള്‍ കണ്ണ് മറയ്ക്കുന്നതിനായി ഐ മാസ്ക് ഉപയോഗിക്കുക.
മരുന്നുകള്‍
സാധാരണയായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികള്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, ആന്റിവൈറല്‍ എന്നിവയാണു നല്‍കുന്നത്.
വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ "ഇന്‍ഹേലര്‍' മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവര്ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക എന്നതു പ്രധാനമാണ്.
260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു.
രോഗപ്രതിരോധം എങ്ങനെ?
1. ആസ്തമ രോഗത്തിന്റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക.
· വായുമലിനീകരണം, തണുത്ത വായു, പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റ്, മെഴുകുതിരികള്‍, ധൂപവര്‍ഗങ്ങള്‍, പടക്കങ്ങള്‍
2. ചുറ്റുപാടും പൊടിരഹിതമായി സൂക്ഷിക്കുക.
3. ന്യൂമോണിയ, ഫ്ളൂ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുക.
4. കൃത്യമായി ഇന്‍ഹേലര്‍ മരുന്നുകള്‍ എടുക്കുക.
ആസ്തമയുടെ ലക്ഷണങ്ങള്‍
· ശ്വാസതടസം
· ശ്വാസംമുട്ടല്‍/ശബ്ദത്തോടെയുള്ള ശ്വാസനം (ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്ന
ശബ്ദം)
· വരണ്ട ചുമ (രാത്രികാലങ്ങളിലോ, അതിരാവിലെയോ വഷളാകുന്ന സ്ഥിരമായ ചുമ), നെഞ്ച് ഇറുകുന്ന അവസ്ഥ
രോഗനിര്‍ണയം
ശാരീരിക പരിശോധനയോടൊപ്പം തന്നെ നെഞ്ചിന്റെ എക്സ്-റെ, ശ്വാസകോശ പ്രവര്‍ത്തന പരിശോധനകളായ സ്പൈറോമെട്രി, അലര്‍ജി ടെസ്റ്റ്, കഫത്തിലും രക്തത്തിലും ഇസ്നോഫിലിന്റെ(eosinophil) അളവ് തുടങ്ങിയ പരിശോധനകള്‍ ചെയ്യേണ്ടതായി വരാം.
ഇത് ആസ്തമയുടെ തീവ്രതയും നിയന്ത്രണവും വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
NRI
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി - സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി ഹൃദയരോഗങ്ങളും പ്രധിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന ക്ലാസ് ഞായറാഴ്ച 12ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിൽ നടക്കും.
റവ. ഫാ. എം.കെ കുര്യാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ ക്ലാസിൽ പങ്കെടുക്കും (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111). "ഹൃദയ രോഗങ്ങളും പ്രധിവിധികളും' (Cardiological Diseases and Precautions). ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം പുത്തൻ അറിവുകളും അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസിന്റെ പ്രത്യേകതയായിരിക്കും.
ക്ലാസിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 11.45ന് മുൻപായി ഹാളിൽ പ്രവേശിക്കണമെന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
സെന്റ് തോമസ് പള്ളിയിൽ കുർബാനയ്ക്ക് ശേഷം, റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ ക്ലാസ് ഇൻവിറ്റേഷൻ നടത്തും.കെസിയ സക്കറിയ(കൾച്ചറൽ ഓർഡിനേറ്റർ), സാജൻ തോമസ്(ഹോസ്പിറ്റലിറ്റി ആൻഡ് ഫു), കൊച്ചുകോശി ഉമ്മൻ(ട്രസ്റ്റി), ജോർജ് തടത്തിൽ(ജോയിന്റ് ട്രസ്റ്റി), രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു(മീഡിയ ആൻഡ് ഫൊട്ടോഗ്രഫി),കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ(PRO‘s),
രാജു ശങ്കരത്തിൽ, ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ(പ്രോഗ്രാം ഡയറക്ടർസ്), സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം, ഷിബു മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർസ്), സുജ കോശി(ജനറൽ കൺവീനർ), ലിലാമ്മ വർഗീസ്, ജെസി മാത്യു, ആനി സക്കറിയ(കൺവീനേഴ്സ്), സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ(വനിതാ കോഓർഡിനേറ്റർസ് ) ബിനു തങ്കച്ചൻ,
ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി. വർഗീസ്, ജോയൽ സതീഷ്(യൂത്ത് വിംഗ് കോഓർഡിനേറ്റഴ്സ്) ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ (ഓഡിറ്റേഴ്സ്), ജോർജ് കുര്യൻ, കുര്യൻ കൊച്ചുപിലാപറമ്പിൽ, ഗോഡലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞ്, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിൽ പങ്കെടുത്ത്, ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ എല്ലാവരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.
District News
കൊല്ലം : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ കിണറുകളിലും ടാങ്കുകളിലും ക്ലോറിനേഷന് പ്രക്രിയ പുരോഗമിക്കുന്നു. 30 ഓടെ അവ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധ ഉണ്ടായതായി കരുതുന്ന വലിയ ജലാശയങ്ങള്‍, കുളങ്ങള്‍ എന്നിവ അടച്ചിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗത്തില്‍ അധ്യക്ഷനായ എ ഡി എം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശം നല്കി. കൊന്നയില്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു.
പേഴംതുരുത്ത് ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊട്ടാരക്കര - അടൂര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ ഭരണിക്കാവില്‍ അവസാനിപ്പിക്കുന്നതിനെതിരെ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ സ്കോളര്‍ഷിപ്പ് കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊല്ലം -കടപ്പുഴ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു.
നെടുമ്പനയിലെ മൈതാനം നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും കരീപ്ര പഞ്ചായത്തിലെ തെരുവ്നായ ശല്യം പരിഹരിക്കണമെന്നും പി.സി. വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്. ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കടുത്തുരുത്തി: വൈക്കം ഗവണ്മെന്റ് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന, സ്ട്രോക്ക് വന്നു തളര്‍ന്ന വയോധികയെ നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മവീട് ഏറ്റെടുത്തു. മറവന്തുരുത്ത് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിച്ചിരുന്ന തങ്കമ്മ (78) യെയാണ് പഞ്ചായത്തംഗം പോള്‍ തോമസ് മണിയലയുടെ അഭ്യര്‍ഥനപ്രകാരം നിത്യസഹായകന് ഏറ്റെടുത്തത്.
ശരീരം തളര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ട നിര്‍ധനയായ തങ്കമ്മയെ നോക്കാനും സംരക്ഷിക്കാനും ആളില്ലാത്ത അവസ്ഥയില്‍ ബന്ധുവായ വിനീഷും മെമ്പറും കൂടിയാണ് നിത്യസഹായകന്റെ അമ്മവീട്ടിലെത്തിക്കാന് മുന്‍കൈയെടുത്തത്.
തങ്കമ്മയ്ക്കു മക്കളില്ല. ഭര്‍ത്താവ് ചന്ദ്രന് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിത്യസഹായകന് ട്രസ്റ്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം ഗവ. ആശുപത്രിയിലെത്തി ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും സാഹചര്യങ്ങള്‍ മനസിലാക്കി.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തങ്കമ്മയെ ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, തോമസ് അഞ്ചമ്പില്‍, ജയശ്രീ, എല്‍സി ജിജോ, ജയ്സണ്‍ പാലയില്‍, ആല്‍ഫില്‍, ക്ലാരമ്മ ബാബു, റൂബി കുര്യന്തടം, സുര പെരുമാലി, നഴ്സുമാരായ റീത്ത ജയ്സണ്‍, സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.